പൊലീസ് സ്റ്റേഷനിലെ പ്രതിഷേധം: എംഎൽഎമാർ‍ക്ക് എതിരെ കേസ് …

കാലടി (കൊച്ചി) ∙ കെഎസ്‌യു പ്രവർത്തകരെ അർധരാത്രിയിൽ വീടുകളിൽ കയറി അറസ്റ്റ് ചെയ്തു ലോക്കപ്പിൽ‍ അടച്ചതിനെതിരെ കാലടി പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ച സംഭവത്തിൽ എംഎൽഎമാരായ റോജി എം.ജോൺ, സനീഷ് കുമാർ ജോസഫ് എന്നിവർക്കും കണ്ടാലറിയാവുന്ന 13 പേർക്കും എതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് കേസ്.


ആക്രമണ മനോഭാവത്തോടെ സംഘം ചേർന്നു കയറി വന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ദൈനംദിന പ്രവർത്തനങ്ങൾ‍ തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണു കേസ്. സ്റ്റേഷൻ ലോക്കപ്പിന്റെ വാതിൽ ബലമായി തുറപ്പിച്ചു പ്രതികളെ പുറത്തിറക്കി രക്ഷപ്പെടുത്തി കൊണ്ടുപോകാൻ ശ്രമിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച കോളജിൽ 2 വിഭാഗം വിദ്യാർഥികൾ‍ തമ്മിലുണ്ടായ സംഘട്ടനത്തിന്റെ പേരിൽ ഏതാനും പേർക്കെതിരെ കേസെടുക്കുകയും ശനിയാഴ്ച 5 വിദ്യാർഥികളെ വീടുകളിൽ കയറി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരെ കോടതി ജാമ്യത്തിൽ വിട്ടു. ഇതു കൂടാതെ ശനിയാഴ്ച അർധരാത്രി വേറെ 2 വിദ്യാർഥികളെ വീടുകളിൽ കയറി അറസ്റ്റ് ചെയ്തു ലോക്കപ്പിലിട്ടു. ഇതിൽ പ്രതിഷേധിച്ച് ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ റോജി എം.ജോൺ, സനീഷ് കുമാർ ജോസഫ്, ചാലക്കുടി നഗരസഭ അധ്യക്ഷൻ എബി ജോർജ് എന്നിവർ 5 മണിക്കൂറോളം സ്റ്റേഷന്റെ അകത്തു കുത്തിയിരുന്നു. ക്ഷുഭിതനായ റോജി ലോക്കപ്പ് തുറപ്പിച്ച് വിദ്യാർഥികളെ പുറത്തിറക്കുകയും ചെയ്തു. കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കാളികളായി. പിന്നീട് എഎസ്പി സ്ഥലത്തെത്തി നടത്തിയ ചർച്ചയെ തുടർന്നാണു പ്രതിഷേധം അവസാനിപ്പിച്ചത്. അറസ്റ്റ് ചെയ്ത 2 വിദ്യാർഥികളെയും കോടതി ജാമ്യത്തിൽ‍‌ വിട്ടു.


സിപിഎമ്മിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത് കെഎസ്‌യു, കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വേട്ടയാടിയാൽ ഇനിയും പ്രതികരിക്കുമെന്നും ഏത് കേസ് ഉണ്ടായാലും നേരിടുമെന്നും റോജി എം.ജോൺ എംഎൽഎ പറഞ്ഞു. 18 വർഷം എസ്എഫ്ഐ തുടർച്ചയായി വിജയിച്ചിരുന്ന ശ്രീശങ്കര കോളജിൽ കഴിഞ്ഞ‍ 3 വർഷമായി കെഎസ്‌യു വിജയിക്കുന്നത് ഉൾക്കൊള്ളാൻ കഴിയാത്ത എസ്എഫ്ഐയും ഡിവൈഎഫ്ഐയും ക്യാംപസിനകത്തും പുറത്തും അക്രമം അഴിച്ചുവിടുകയാണെന്ന് റോജി കുറ്റപ്പെടുത്തി. എംഎൽഎമാർക്കെതിരെ എടുത്ത കേസ് രാഷ്ട്രീയ പ്രേരിതവും പകപോക്കൽ സംസ്കാരവും ആണെന്നു കോൺഗ്രസ് പാർലമെന്ററി പാർട്ടി ചീഫ് വിപ്പ് അൻവർ സാദത്ത് എംഎൽഎ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *